മണലുകരിഞ്ഞു പറക്കുന്നെന്ത്ര-
ക്കാക്ക മലര്‍ന്നു പറക്കുന്നു
താഴേത്തൊടിയില്‍ തലകീറി ചുടു
ചോരയൊലിക്കും ബാല്യങ്ങള്‍ ..
ഇതു ബാഗ്ദാദാ,ണമ്മ പറഞ്ഞൊ-
രറബിക്കഥയിലെ ബാഗ്ദാദ്!
ഇതു ബാഗ്ദാദാ,ണമ്മ പറഞ്ഞൊ-
രറബിക്കഥയിലെ ബാഗ്ദാദ്!
കാളയിറച്ചിക്കടയിലെ തറയില്‍
ചോരതെറിച്ചിളനാമ്പു കരിഞ്ഞു
ആരവമില്ലാതവിടവിടെ പൊടി
കേറിമറഞ്ഞ തുണിപ്പൊതികള്‍
കൂട്ടത്തില്‍ ചെറുകുപ്പായത്തില്‍
ചിതറിയ ബാല്യമുറങ്ങുന്നു;
അരികിലെയമ്മ പൊതിച്ചിതറി ചുടു-
കവിളില്‍ പാതിക്കൈ മാത്രം
ഇതു ബാഗ്ദാദാ,ണമ്മ പറഞ്ഞൊ-
രറബിക്കഥയിലെ ബാഗ്ദാദ്!
ഇതു ബാഗ്ദാദാ,ണമ്മ പറഞ്ഞൊ-
രറബിക്കഥയിലെ ബാഗ്ദാദ്!
തെരുവിന്നോരത്തൊരു തിരികെട്ടു-
കിടപ്പുണ്ട,വിടെപ്പുകയുണ്ട്,
പകലു കരിഞ്ഞാല്‍ പാത്തു പതുങ്ങി
വരും നരികള്‍ക്കതി മദമുണ്ട്!
അമ്മക്കാലു തെരഞ്ഞു തകര്‍ന്നു,
ഉമ്മ കൊടുത്തു തുടുത്ത മുഖം
എങ്ങു കളഞ്ഞൂ പൊന്നോമല്‍ച്ചിരി
താങ്ങീടേണ്ട തളിര്‍ത്ത മൊഴി?
സൂര്യനെ വെല്ലും കാന്തിയെഴും
തേജസ്സാര്‍ന്നൊരു ബാല്യമുഖം
കീറി വരഞ്ഞു ജയിക്കുകയാണൊരു
പാരുഷ്യത്തിന് ക്രൌര്യമുഖം
ഇതു ബാഗ്ദാദാ,ണമ്മ പറഞ്ഞൊ-
രറബിക്കഥയിലെ ബാഗ്ദാദ്!
ഇതു ബാഗ്ദാദാ,ണമ്മ പറഞ്ഞൊ-
രറബിക്കഥയിലെ ബാഗ്ദാദ്!
ഇരുപാര്‍ശ്വങ്ങള്‍ മുറിഞ്ഞ കുരിശായ്
ഒരു ബാല്യം നിറ കണ്ണു തുടയ്ക്കാന്‍
വരമായ് ഒരു കൈ പ്രാര്‍ത്ഥനയേറ്റി
മയങ്ങുന്നാതുര ശയ്യയിലാര്‍ദ്രം!
സ്വപ്നത്തില്‍ അവനൊത്തിരിയകലെ
കൊച്ചു പശുക്കെന്നൊപ്പമലഞ്ഞു
പൊയ്കയിലാമ്പലിറുത്തൊരു
കയ്യില്‍ കൊള്ളി തടഞ്ഞു മയക്കമുടഞ്ഞു...
കരയാതരികിലിരുന്നമ്മ,
ഇനിയെന്‍ കണ്ണുകള്‍ നിന് കൈകള്‍ !
കരയാതരികിലിരുന്നമ്മ,
ഇനിയെന്‍ കണ്ണുകള്‍ നിന് കൈകള്‍ ..
ഇതു ബാഗ്ദാദാ,ണമ്മ പറഞ്ഞൊ-
രറബിക്കഥയിലെ ബാഗ്ദാദ്!
ഇതു ബാഗ്ദാദാ,ണമ്മ പറഞ്ഞൊ-
രറബിക്കഥയിലെ ബാഗ്ദാദ്!
ദൂരെയിരുന്നവര്‍ ചോദിച്ചൂ,
ആരാ നിന്നുടെ സ്വപ്നത്തില്‍ ?
പ്രായോജകരില്ലാത്തൊരു സ്വപ്നം
പാടേ തട്ടിപ്പായിക്ക,
ചൂടുകിനാക്കള്‍ നല്‍കാം നീ
നിന് നേരും വേരുമുപേക്ഷിക്ക
അല്ലെങ്കില്‍ തിരി ആയിരമുള്ളൊരു
തീക്കനി തിന്നാന്‍ തന്നീടും!
രാത്രികളില്‍ നിന് സ്വപ്നങ്ങളില്‍
അതിപ്രേത കൂട്ടു പകര്‍ത്തീടും,
അഗ്നിയെറിഞ്ഞു കുടങ്ങളുടഞ്ഞു
കടല്‍ ഭൂതങ്ങളുറഞ്ഞീടും!
നട്ടുനനച്ചൊരു സംസ്ക്കാരത്തരു
വെട്ടിച്ചിത നിര തീര്‍ത്തീടും,
തണലു തരുന്ന മഹാവൃക്ഷം
നാം ചുവടു മുറിക്കുകയാണിന്ന്!
പകരം നല്‍കാം സ്വപ്നസുഖങ്ങള്‍
നിറച്ചൊരു വര്‍ണ്ണക്കൂടാരം,
പേരും വേരുമുപേക്ഷിക്ക
പടിവാതില്‍ തുറന്നു ചിരിക്കുക നീ
തുല്ലു പറഞ്ഞു കിളക്കുക പുത്തന്‍
ചൊല്ലു കിളിര്‍ക്കാന്‍ ഹൃദയങ്ങള്‍
തുല്ലു പറഞ്ഞു കിളക്കുക പുത്തന്‍
ചൊല്ലു കിളിര്‍ക്കാന്‍ ഹൃദയങ്ങള്‍
കത്തും കണ്ണു കലങ്ങീല,
മൊഴി മുത്തുമൊരല്പമുടഞ്ഞീലാ
മറുമൊഴി ചൊല്ലി, തീക്കനി തിന്നാം,
നരകത്തീമഴയേറ്റീടാം
എങ്കിലുമെന്നുടെ പേരും വേരും
എന്നും പ്രാണനുമാത്മാവും!
ഇതു ബാഗ്ദാദ്, ദുശ്ശാസന കേളിയില്‍
കൂന്തലഴിഞ്ഞ സഭാപര്‍വ്വം
ഇതു ഗാന്ധാരി ഒരായിരമരുമ
കുരുതിയി,ലന്ധതയാര്ന്ന മനം
ഇതു കോവിലപത്നി മുറിച്ച മുലപ്പാ-
ടഗ്നിയെരിച്ച മഹാചരിതം
ഇതു ബാഗ്ദാദാ,ണമ്മ പറഞ്ഞൊ-
രറബിക്കഥയിലെ ബാഗ്ദാദ്!
ഇതു ബാഗ്ദാദാ,ണമ്മ പറഞ്ഞൊ-
രറബിക്കഥയിലെ ബാഗ്ദാദ്!
കാട്ടാക്കട കവിതകളിലേക്ക് മടങ്ങാം